തിരുവനന്തപുരം: എയ്റോസ്പേസ്, പ്രതിരോധ മേഖലകളുമായി ഇടപഴകുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് വ്യോമസേന ഗണ്യമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് സതേണ്‍ എയർ കമാൻഡിലെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ മനീഷ് ഖന്ന.
ടെക്നോപാർക്ക് സന്ദർശിച്ച് പ്രതിരോധ, എയ്റോസ്പേസ് മേഖലകളിലെ വ്യവസായ പ്രമുഖരുമായും സ്റ്റാർട്ടപ്പ് പ്രതിനിധികളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം.
എയ്റോസ്പേസ് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും കന്പനികൾക്കും മാർഗനിർദേശം, ഉപഭോക്തൃ കാഴ്ചപ്പാടുകൾ, പ്രവർത്തനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിവയ്ക്കായി റീജണൽ എയ്റോസ്പേസ് ഇന്നൊവേഷൻ ഡിവിഷനുമായി (ആർഎഐഡി) ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.) എയർ മാർഷൽ മനീഷ് ഖന്നയെ സ്വീകരിക്കുകയും സംസ്ഥാനത്തിന്റെ ഐടി മേഖലയെക്കുറിച്ചും കേരള ഡിഫൻസ് ഇന്നൊവേഷൻ സോണിനെക്കുറിച്ചും (കെഡിസ്) അവതരണം നടത്തുകയും ചെയ്തു. സ്റ്റാഫ് ഓഫീസർ സ്ക്വാഡ്രണ്‍ ലീഡർ അർച്ചന സിംഗും സന്ദർശന വേളയിൽ എയർ മാർഷലിനൊപ്പം സംബന്ധിച്ചു.